വാഷിംഗ്ടൺ ഡിസി: കാലിഫോർണിയയിൽ തിരയിൽപ്പെട്ട് രണ്ട് ഇന്ത്യൻ വംശജർക്ക് ദാരുണാന്ത്യം. കാലിഫോർണിയയിലെ ബോണി ഡൂൺ ബീച്ചിൽ ഉറങ്ങുന്നതിനിടെയാണ് ഹർഷിത നായർ (21), മഹിയാൽ സ്രാൻ (20) എന്നീ സുഹൃത്തുക്കൾ ശക്തമായ തിരയിൽപ്പെട്ടത്.
ഒരു പാറക്കെട്ടിന് സമീപം ഇരുവരും ഉറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടം ശ്രദ്ധയിൽപ്പെട്ട ഒരു ദൃക്സാക്ഷി വിവരമറിയിച്ചതിനെ തുടർന്ന് സുരക്ഷാ ഏജൻസികൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷാപ്രവർത്തകർ കടലിലിറങ്ങി നടത്തിയ തിരച്ചിലിനെ തുടർന്ന് ഇരുവരെയും ജീവനോടെ പുറത്തെടുത്തു പ്രാഥമിക ശുശ്രൂഷ നൽകി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു. തിരമാലകളടിച്ച് നേരത്തെയും അപകടമുണ്ടായ ബീച്ചിലാണ് ഇരുവരും ഉറങ്ങാൻ കിടന്നത്.